വില വർദ്ധിക്കുന്നതിന് അനുസരിച്ച് മണ്ണെണ്ണയുടെ സബ്‌സിഡി ഉയർത്തുന്നത് പ്രായോഗികമല്ല; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: മണ്ണെണ്ണയേക്കാൾ വിലക്കുറവുള്ള ഡീസൽ കൊണ്ട് പ്രവർത്തിക്കുന്ന എഞ്ചിനിലേക്ക് മാറാൻ മത്സ്യത്തൊഴിലാളികൾ തയ്യാറാകണമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെയ്ക്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ. ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വില വർദ്ധിക്കുന്നതിന് അനുസരിച്ച് മണ്ണെണ്ണയുടെ സബ്‌സിഡി ഉയർത്തുക എന്നത് സംസ്ഥാന സർക്കാരിന് പ്രായോഗികമല്ല. മണ്ണെണ്ണ വിലയുടെ കാര്യത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിനും അപ്പുറത്താണ് കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണെണ്ണയുടെ സബ്‌സിഡി ഉയർത്തുന്നതിനും പരിമിതകളുണ്ട്. സംസ്ഥാന സർക്കാരും കൈയൊഴിയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് മത്സ്യത്തൊഴിലാളികൾക്ക് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.