സന്തോഷ് ട്രോഫി: സെമി ഉറപ്പിക്കാന്‍ കേരളം ഇന്ന് മേഘാലയക്കെതിരെ

പയ്യനാട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സെമി ഉറപ്പിക്കാന്‍ കേരളം ഇന്ന് മേഘാലയക്കെതിരെ ഇറങ്ങുന്നു. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആറ് പോയിന്റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം.

കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളം വരുന്നത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിനും വീഴ്ത്തിയിരുന്നു. രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിന്റുള്ള കേരളം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഇന്നത്തെ മത്സരത്തില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. ജയിച്ച് സെമി ഉറപ്പിക്കുകയാണ് ക്യാപ്റ്റന്‍ ജിജോ ജോസഫിന്റേയും സംഘത്തിന്റേയും ലക്ഷ്യം.

ആദ്യ മത്സരത്തില്‍ രാജസ്ഥാനെ 3-2ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മേഘാലയ ടീം പയ്യനാട് ഇറങ്ങുക. ഫിഗോ സിന്‍ഡായി എന്ന ഇടംകാലന്‍ വിങ്ങറാണ് മേഘാലയയുടെ ശക്തി. ഇന്നത്തെ മത്സരത്തിലും മഞ്ചേരിയിലെ സ്റ്റേഡിയം നിറഞ്ഞ് കവിയുമെന്ന് ഉറപ്പ്. ആ ആരവങ്ങളും ആവേശവും കേരളത്തിന്റെ കുതിപ്പിന് കരുത്താകുമെന്നുറപ്പ്