കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ വെടിവെയ്പ്പ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയിലെ തെക്ക് പടിഞ്ഞാറൻ മേഖലയായ രാംബൂക്കാനയിലാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പോലീസ് വെടിയുതിർത്തത്.
രാംബുക്കാനയിലെ ഹൈവേ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. എണ്ണക്ഷാമത്തിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചായിരുന്നു നാട്ടുകാർ പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം അക്രമാസക്തരായതോടെയാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇന്ധനവുമായി എത്തിയ വാഹനത്തിന് സമരക്കാർ തീ കൊളുത്താൻ ശ്രമിച്ചതായും പോലീസ് ആരോപിക്കുന്നു.
കൊളംബോയിലേക്കുളള റോഡുകളിൽ ടയറുകൾ കത്തിച്ചും മറ്റും ആയിരക്കണക്കിന് വരുന്ന സമരക്കാർ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ രാംബുക്കാന പോലീസ് സ്റ്റേഷൻ വളയുകയും കെട്ടിടത്തിന് നേർക്ക് കല്ലെറിയുകയും ചെയ്തിട്ടുണ്ട്. കടുത്ത പ്രതിഷേധത്തെ തുടർന്ന് രാംബുക്കാനയിൽ കർഫ്യൂ എർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

