തിരുവനന്തപുരം: എന്ത് ചെയ്താലും വികസന പദ്ധതിയെ എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് തലസ്ഥാനത്ത് എൽഡിഎഫ് സംഘടിപ്പിച്ച കെ-റെയിൽ രാഷ്ട്രീയ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞത് എല്ലാ പ്രദേശങ്ങളെയും സ്പർശിക്കുന്ന വികസനമാണ്. വരും തലമുറയെ കണ്ടുകൊണ്ടുളള വികസനമാണ് വേണ്ടതെന്നും നിർഭാഗ്യവശാൽ ചിലർ പ്രതിഷേധത്തിലേക്ക് വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അന്തർദേശീയ തലത്തിൽ വരെ കേരളാ മോഡൽ പഠനമാക്കുന്നുണ്ട്. മാതൃകാപരമാണ് കേരളാ മോഡൽ വികസനം. കിഫ്ബി വഴി 50000 കോടിയുടെ വികസനം എന്ന് പറഞ്ഞിരുന്നു. എന്നാൽ 60000 കോടിയുടെ വികസനം നടപ്പായി. ദേശീയപാതകളുടെ അവസ്ഥ മോശമായിരുന്നതായും ഇതിലെ പ്രശ്നം കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം നാടിനെ പത്തൊൻപതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അവർ ഇപ്പോൾ തിരുത്തിയില്ലെങ്കിൽ ജനം അവരെ തിരുത്തും. സംസ്ഥാനത്ത് തുടർഭരണം വന്നതോടെയാണ് കെ റെയിലിൽ കേന്ദ്ര നിലപാടിൽ മാറ്റം വന്നത്. കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുളളത്. എല്ലാ വികസന പദ്ധതികളെയും എതിർക്കുന്ന ചില സംഘടനകളുണ്ട്. ഇവർ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നു. ഒരു വർഗീയ ശക്തിയോടും സന്ധിയില്ലെന്നും ഇത്തരം ശ്രമങ്ങളെ സർക്കാർ അടിച്ചമർത്തുമെന്നും അദ്ദേഹം വിശദമാക്കി. ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും. ആരുടെയും വാശിക്കുമുന്നിൽ നോക്കി നിൽക്കാൻ സർക്കാരിനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

