കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനെ ഞെട്ടിച്ച് സ്‌ഫോടനപരമ്പര. പടിഞ്ഞാറന്‍ കാബൂളിലുള്ള അബ്ദുള്‍ റഹിം ഷാഹിദ് ഹൈസ്‌കൂളില്‍ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ രാവിലത്തെ ക്ലാസുകള്‍ കഴിഞ്ഞ് പുറത്തുവന്ന സമയത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും കാബൂള്‍ പോലീസ് സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്ത് – എ – ബര്‍ചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്‌റാന്‍ സ്ഥിരീകരിച്ചു. സ്‌കൂളിലെ ആക്രമണത്തിന് പിന്നില്‍ ചാവേറാണെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ ലേഖകന്‍ എഹ്‌സാനുള്ള അമീറി റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘അബ്ദുള്‍ റഹിം ഷാഹിദ് സ്‌കൂളിന് മുന്നില്‍ കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അധ്യാപകന്‍ എന്നോട് പറഞ്ഞു. നിരവധിപ്പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. കൂട്ടത്തില്‍ കുട്ടികളുമുണ്ട്’- എഹ്‌സാനുള്ള ട്വിറ്ററില്‍ കുറിക്കുന്നു.
രണ്ടാമത്തെ സ്‌ഫോടനം മുംതാസ് ട്രെയിനിംഗ് സെന്ററിന് സമീപത്താണുണ്ടായതെന്നാണ് വിവരം. ഇവിടെ ഒരു ഹാന്‍ഡ് ഗ്രനേഡ് എറിയുകയായിരുന്നു അക്രമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ ഭാവി തങ്ങളുടെ പക്കല്‍ സുരക്ഷിതമായിരിക്കുമെന്നായിരുന്നു താലിബാന്‍ ഭരണകൂടത്തിന്റെ അവകാശവാദം. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിലാരും ഏറ്റെടുത്തിട്ടില്ല.

