ശ്രീനഗർ: ജമ്മുകശ്മീരിൽ വൻ ആയുധ ശേഖരങ്ങൾ പിടികൂടി. കുപ്‌വാരയിൽ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 പിസ്റ്റൽ റൗണ്ടുകളും അഞ്ച് ഗ്രനേഡുകളുമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ഞായറാഴ്ച്ച ഹന്ദ്വാരയിൽ നിന്ന് തോക്കും വെടിയുണ്ടകളുമായി ഒരു ഭീകരനെ സുരക്ഷസേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കശ്മീരിൽ റെയ്ഡ് കർശനമാക്കിയത്. കശ്മീരിലെ ബാരാമുള്ളയിൽ പഞ്ചായത്ത് അധ്യക്ഷനെ കഴിഞ്ഞ ദിവസം ഭീകരർ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഗോഷ് ബഗ് ഗ്രാമത്തിലെ സർപഞ്ചായ മൻസൂർ അഹമ്മദ് ബാൻഗ്രു ആണ് കൊല്ലപ്പെട്ടത്. 2011 ന് ശേഷം ഭീകരർ കൊലപ്പെടുത്തുന്ന ഇരുപത്തിയൊന്നാമത്തെ പഞ്ചായത്ത് അംഗമാണ് ബാൻഗ്രു.

