തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പുത്തലത്ത് ദിനേശന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പി. ശശി അടുത്തിടെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. ഇ. കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി. ശശിക്ക് അനുകൂലമായത്. പോലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് മുതല്‍ക്കൂട്ടാണ്.
അതേസമയം, ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി പുത്തലത്ത് ദിനേശനെ തീരുമാനിച്ചു. തോമസ് ഐസക്കിന് ചിന്തയുടെ ചുമതലയും, എസ് രാമചന്ദ്രന്‍ പിള്ളക്ക് ഇഎംഎസ് അക്കാദമിയുടെ ചുമതലയും നല്‍കി. ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കിയ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനത്തിനും സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി.

