‘കേരളം പിണറായിയുടെ സ്വന്തം പ്രോപ്പര്‍ട്ടി അല്ല’: കെ. സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ‘മുഖ്യമന്ത്രി വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ്. 60 രാഷ്ട്രീയ കൊലപാതകം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ 1019 പേര്‍ വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെട്ടു’-സുധാകരന്‍ ചൂണ്ടിക്കാട്ടി.

‘കെ റെയിലിനെതിരായ സമരം കോണ്‍ഗ്രസ് തുടരും. കേരള സംരക്ഷണ സദസ് എന്ന നിലയില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. വീടുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തും. സാക്ഷാല്‍ മുഖ്യമന്ത്രി കുറ്റി നാട്ടിയാലും അത് പിഴുതെറിയും. സാമൂഹികാഘാത പഠനം എന്തായാലും അത് നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെ പറയാന്‍ പിണറായിയുടെ സ്വന്തം പ്രോപ്പര്‍ട്ടി അല്ല കേരളം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ സിപിഎം ധൂര്‍ത്താണ് നടത്തിയത്. ഒരു മുതലാളിത്ത പാര്‍ട്ടിക്ക് പോലും ഇത്തരമൊരു സമ്മേളനം നടത്താന്‍ കഴിയില്ല. അധ്വാനിക്കുന്ന പാര്‍ട്ടിയുടെ ധൂര്‍ത്ത് ആയിരുന്നു കണ്ണൂരില്‍ നടന്നത്. ധൂര്‍ത്ത് നടക്കുമ്പോള്‍ കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു. ബി ജെ പിയും സി പി എമ്മും തമ്മില്‍ അവിഹിത ബന്ധം ഉണ്ട്. ഒരു മുദ്രാവാക്യത്തിന്റെ രണ്ട് തൂവല്‍ പക്ഷികള്‍ ആണ് അവര്‍’- അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കെപിസിസി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും, മെയ് 31 നകം സിയുസികള്‍ പൂര്‍ത്തികരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സിഐടിയുക്കാരെ സ്വന്തം മന്ത്രിമാര്‍ ഭയക്കുകയാണ്. ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെയുള്ള സിഐടിയു സമരം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.