കോഴിക്കോട്: കോടഞ്ചേരി മിശ്രവിവാഹത്തില്‍ ലൗ ജിഹാദ് എന്ന പ്രസ്താവനയില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ല സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്ന് ജില്ല കമ്മിറ്റി യോഗവും ചേരും. നാളെ ഉച്ചയ്ക്ക് രണ്ടിനാണ് യോഗം.
ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം മതേതരത്വത്തിന് എതിരാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ‘പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിച്ച് ജീവിക്കുന്നതിനുള്ള നിയമപരമായ അവകാശം രാജ്യത്തുണ്ട്. കുടുംബങ്ങളുമായി ആലോചിച്ച് രമ്യമായ രീതിയില്‍ വിവാഹം നടത്തുന്നതിനുള്ള ആലോചന ആദ്യംതന്നെ നടത്തേണ്ടതായിരുന്നു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ഉണ്ട് എന്ന തരത്തില്‍ ജോര്‍ജ് എം. തോമസ് നടത്തിയ പ്രസ്താവന പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നതാണ്’- ജില്ലാ സെക്രട്ടറി പി. മോഹനന് പറഞ്ഞു.
സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് നേരത്തേ അറിയിച്ചത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

