തിരുവനന്തപുരം: സംസ്ഥാന സർക്കാർ കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നാഷണൽ സർവൈലൻസ് യൂണിറ്റിന് കണക്ക് നൽകിവരുന്നതായും മന്ത്രി അറിയിച്ചു. എല്ലാദിവസവും മെയിൽ അയക്കുന്നുണ്ട്. കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിക്കുന്നു.
ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കോവിഡ് റിപ്പോർട്ട് പുറത്തിറക്കും. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ പുറത്തിറക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു. കേരളത്തിന്റെ കോവിഡ് കണക്കുകൾ അപ്‌ഡേറ്റ് ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള പഴയ കണക്കുകൾ കൂടി ചേർത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളിൽ ഇന്ന് 90 ശതമാനം വർധന കാണിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗർവാൾ കേരളത്തിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ഏപ്രിൽ 13 നു ശേഷം കഴിഞ്ഞ അഞ്ചു ദിവസം കേരളം കണക്കുകൾ പുതുക്കിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രിൽ 13-നു ശേഷം ഇന്നാണ് കേരളം കണക്കുകൾ പുതുക്കിയത്. ഈ കണക്കുകൾ കൂടി ചേർത്തുകൊണ്ടാണ് രാജ്യത്തെ കോവിഡ് കണക്കുകൾ ഇന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള ഈ കണക്കുകൾ കൂടി ചേർന്നു വരുമ്പോഴാണ് രാജ്യത്ത് കോവിഡ് കേസുകളിൽ ഇന്ന് 90 ശതമാനം വർധന ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
അഞ്ചുദിവസത്തെ കണക്ക് ഒറ്റയടിക്ക് ഒരുദിവസം പുതുക്കി അറിയിക്കുമ്പോൾ അത് ഒരു ദിവസത്തെ വർധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ കേരളത്തോട് നിർദ്ദേശം നൽകിയിരുന്നു.

