തിരുവനന്തപുരം: കെ-റെയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളടക്കമുള്ള ബോധവല്‍ക്കരണത്തിന് ശ്രമിക്കുകയാണ് ഇടത് മുന്നണി. വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതിയാണ് കെ-റെയിലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
‘പദ്ധതിയുടെ നിര്‍മ്മാണത്തിന് ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നു. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതിയാകും. പദ്ധതിക്ക് തടസം നില്‍ക്കുന്നത് പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിമാര്‍ വീട് കയറുക മാത്രമല്ല, പദ്ധതിക്ക് വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണ്. ഇപ്പോള്‍ നടക്കുന്നത് ഭൂമിയേറ്റെടുക്കല്‍ സര്‍വേയല്ല. അതിനാല്‍ ബാങ്കുകള്‍ വായ്പ്പ നല്‍കാത്ത സാഹചര്യമുണ്ടാകരുത്. അത് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്’- മന്ത്രി പറഞ്ഞു.

