സെക്രട്ടേറിയേറ്റ് ജീവനക്കാരെ നിരീക്ഷിക്കാന്‍ ഇനി ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴി ആയിരിക്കും ഇനി ജീവനക്കാരെ നിരീക്ഷിക്കുക.

അതേസമയം, ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാക്കുകയും ചെയ്യും. സെക്രട്ടറിയേറ്റ് ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത് ഏഴുമണിക്കൂര്‍ ജോലി ചെയ്യണമെന്നാണ്. എന്നാല്‍, നിലവില്‍ ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനാല്‍ ഏഴ് മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. മറ്റു വകുപ്പുകളിലേക്ക് വല്ല ആവശ്യങ്ങള്‍ക്കും മറ്റും പോവുകയാണെങ്കില്‍ ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തണം. എങ്കില്‍ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായി കിട്ടുകയുള്ളൂ.

എന്നാല്‍, പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധവുമായി സിപിഎം അനുകൂല സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ പഞ്ചിംങ് സിസ്റ്റം മാത്രമാണ് സെക്രട്ടേറിയേറ്റില്‍ ഉള്ളത്.