സിപിഐഎം ഘടകങ്ങളില്‍ മത തീവ്രവാദികളാണെന്ന് ചെറിയാന് ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചത്. സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പല ജില്ലകളിലും ഇപ്പോള്‍ സിപിഐഎം വിഭാഗീയത ജാതിമത അടിസ്ഥാനത്തിലാണെന്നും ചെറിയാന് ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സി പി എം ഘടകങ്ങളില്‍ മത തീവ്രവാദികള്‍:
ചെറിയാന് ഫിലിപ്പ്
സി പി എം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പല ജില്ലകളിലും ഇപ്പോള്‍ സി പി എം വിഭാഗീയത ജാതിമത അടിസ്ഥാനത്തിലാണ്. മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സി പി എം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ മുഖേനയാണ് സി പി എം വര്‍ഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി പി എം ന് തിരിച്ചടിയായിട്ടുണ്ട്. വര്‍ഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോള്‍ സി പി എം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സി പി എം ന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തില്‍ എം വി ഗോവിന്ദന്റെ അഭിപ്രായം പാര്‍ട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മത പരിവര്‍ത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി വൈ എഫ് ഐക്കാര്‍ കേരളത്തിലുണ്ട്. ഇവരെ ആരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ല.

