കെഎസ്ഇബി സമരം; വൈദ്യുതി ഭവന്‍ വളയാനൊരുങ്ങി സമര സമിതി

കെഎസ്ഇബി സമരം തുടരുന്ന സാഹചര്യത്തില്‍ സംയുക്ത സമര സഹായ സമിതി നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയും. മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രി കെ.. കൃഷ്ണന്‍കുട്ടിയെ കാണും.

സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍, മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാട് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളതിനാല്‍ ഇതു നടന്നില്ല. സമരം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ അസോസിയേഷന്‍ നേതാക്കള്‍ വൈദ്യുതി മന്ത്രിയെ കാണും.

അതേസമയം, കഴിഞ്ഞ ദിവസം അസോസിയേഷന്‍ നേതാക്കള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. വാട്ടര്‍ അതോറിറ്റിയിലെ ഓഫീസര്‍മാരുടെ സംഘടന അടക്കം ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.