തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരും പോലീസും തീവ്രവാദികൾക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കേസിലും പ്രതിയല്ലാത്ത നിരപരാധിയായ ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിന് കാരണം പോലീസിന്റെ അലംഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.
പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പാലക്കാടും ആലപ്പുഴ ആവർത്തിക്കാൻ കാരണമായത്. ആയുധമേന്തിയ ക്രിമിനലുകൾ കേരളമാകെ റോന്ത് ചുറ്റുന്ന കാര്യം അറിഞ്ഞിട്ടും പോലീസ് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ക്രമസമാധാന നില തകർന്ന് തരിപ്പണമായി കഴിഞ്ഞു. ഭീകരവാദ സംഘടനകൾക്ക് മുമ്പിൽ പോലീസ് മുട്ടുമടക്കുകയാണ്. ആഭ്യന്തരവകുപ്പ് സമ്പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.
അക്രമം പാലക്കാട് ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ ശ്രമങ്ങൾ പോലീസ് അവഗണിച്ചു. മേലാമുറി എന്ന സ്ഥലം നേരത്തെ വർഗീയ സംഘർഷമുണ്ടായ സ്ഥലമാണ്. എന്നിട്ടും പോലീസ് ജാഗ്രത കാണിച്ചില്ല. ഇതാണ് പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് കാരണം. ആലപ്പുഴയിലും അഭിഭാഷകനായ ബിജെപി നേതാവിനെ പട്ടാപകൽ കൊല ചെയ്തത് പോലീസിന്റെ അനാസ്ഥ കാരണമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

