യുക്രൈനിലേക്കുള്ള ആയുധ കയറ്റുമതി തുടർന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. യുക്രൈനിലേക്കുള്ള ആയുധ കയറ്റുമതി തുടർന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് റഷ്യ അമേരിക്കയ്ക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുക്രൈനിലേക്ക് 800 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് അയയ്ക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. യുക്രൈനിലെ സൈനിക സഹായം ഉടൻ നിർത്തലാക്കാൻ അമേരിക്കയോടും സഖ്യകക്ഷികളോടും ആവശ്യപ്പെടുകയാണെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

യുക്രെയ്നിന് 800 മില്യൺ ഡോളർ സഹായമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം നൽകിയത്. യുക്രൈൻ പ്രസിഡന്റ് വൽദിമിർ സെലെൻസ്‌കിയുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. നേരത്തെയും യുക്രൈന് അമേരിക്ക സഹായം നൽകിയിട്ടുണ്ട്. പീരങ്കികളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ അമേരിക്ക കീവിലേക്ക് അയച്ചിരുന്നു.

യുക്രൈന് സഹായം നൽകുന്ന സാഹചര്യത്തിൽ യുഎസ് കോൺഗ്രസ് പ്രതിനിധി സഭാ അംഗങ്ങൾക്ക് റഷ്യ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലെ 398 അംഗങ്ങളെ റഷ്യ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തി. ജോ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.