വാഷിംഗ്ടൺ: ഒന്ന് ഊതിയാൽ മതി, ഇനി മുതൽ ശ്വാസത്തിൽ നിന്ന് കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താം. ഇതിന് സഹായിക്കുന്ന ഉപകരണമായ ഇൻസ്പെക്റ്റ് ഐആറിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടിയന്തര ഉപയോഗ അനുമതി നൽകി. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിൾ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്.
ഇൻസ്‌പെക്റ്റ് ഐആറിന് കോവിഡ് 19 ബ്രീത്ത്ലൈസർ ഓഫീസുകളിലും ആശുപത്രികളിലും മൊബൈൽ ടെസ്റ്റിംഗ് സൈറ്റുകളിലും ഉപയോഗിക്കാമെന്നും എഫ്ഡിഎ പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളിൽ ഫലം അറിയാനാകുമെന്നും എഫ്ഡിഎ അറിയിച്ചു.
ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകൾക്കൊപ്പം സംഭവിക്കുന്ന ദ്രുതഗതിയിലുള്ള നവീകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് എഫ്ഡിഎയുടെ സെന്റർ ഫോർ ഡിവൈസസ് ആൻഡ് റേഡിയോളജിക്കൽ ഹെൽത്തിന്റെ ഡയറക്ടർ ഡോ. ജെഫ് ഷൂറൻ വ്യക്തമാക്കി.
പോസിറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ ഉപകരണം 91.2 ശതമാനം കൃത്യവും നെഗറ്റീവ് ടെസ്റ്റ് സാമ്പിളുകൾ തിരിച്ചറിയുന്നതിൽ 99.3 ശതമാനം കൃത്യമാണെന്ന് എഫ്ഡിഎ പറഞ്ഞു. ഓരോ ഉപകരണത്തിലും പ്രതിദിനം ഏകദേശം 160 സാമ്പിളുകൾ വിലയിരുത്താൻ ഉപയോഗിക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

