ഷിംല: ഹിമാചൽ പ്രദേശിൽ കുടിവെള്ളവും വൈദ്യുതിയും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ. 125 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഗ്രാമപ്രദേശങ്ങളിലുള്ളവർ ജല ബില്ല് അടയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചൽദിനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സർക്കാർ ബസുകളിൽ ഇനി മുതൽ വനിതകൾ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതിയാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2022 അവസാനത്തോടെ ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഠാക്കൂർ നിർണായക നീക്കം നടത്തിയിരിക്കുന്നത്. നവംബറിലാണ് ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, ഠാക്കൂറിന്റെ പ്രഖ്യാപനത്തിനെതിരെ എ.എ.പി. നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തെത്തി. ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബി.ജെ.പി. വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.എ.എ.പിയോടുള്ള ഭയം കാരണമാണ് അരവിന്ദ് കെജ്രിവാളിന്റെ ഭരണനിർവഹണത്തെ കോപ്പി അടിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്താൻ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

