ന്യൂഡൽഹി: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനിലെ സൈനപൊരയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
അതേസമയം, അധിക സന്നാഹങ്ങളുമായി മേഖലയിലേക്ക് എത്തുന്നതിനിടെ ചൗഗാമിനു സമീപം വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന് സൈനികരും വീരമൃത്യു വരിച്ചു. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേൽക്കുകയും ചെയ്തു.

