പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സുബൈറിനെ ഇടിച്ചിടാൻ ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി. കെ എൽ 11 എ ആർ 641 എന്ന കാറാണ് സുബൈറിനെ ഇടിച്ചിടാൻ ഉപയോഗിച്ചത്. ഈ കാർ മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അക്രമികൾ ഉപേക്ഷിച്ച കാർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.
പള്ളിയിൽ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എസ്ഡിപിഐ പ്രവർത്തകന് നേരെ ആക്രമണം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സൂബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. ബൈക്കിൽ നിന്നും വീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
ഡ്രൈവർ ഉൾപ്പടെ 5 പേരാണ് അക്രമി സംഘത്തിലുണ്ടായരുന്നത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോയ പ്രതികൾ അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് വിവരം.

