കേരളത്തില്‍ ഒടിയനെ പിന്നിലാക്കി കെജിഎഫ്-2

കേരളത്തിലും വലിയ സ്വീകാര്യത കെജിഎഫ്-2 ന് ലഭിച്ചിട്ടുണ്ടെന്നാണ് സിനിമ റിലീസായി ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. നടന്‍ യാഷ് അടക്കമുള്ളവര്‍ കേരളത്തിലെത്തി കെജിഎഫിന്റെ പ്രൊമോഷന്‍ നടത്തിയിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ റിലീസ് ചെയ്ത സിനിമകളുടെ ആദ്യ ദിവസത്തെ പ്രകടനം വിലയിരുത്തി കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ സിനിമകളെയടക്കം പിന്നിലാക്കി കൊണ്ടാണ് കെജിഎഫ് കുതിക്കുന്നത്.

അവസാനം ഇറങ്ങിയ സിനിമകളുടെ കണക്ക് വിവരം നോക്കിയാല്‍ ആദ്യ അഞ്ചില്‍ നില്‍ക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഉള്ളതാണ്. ഒന്നാം സ്ഥാനത്ത് നടന്‍ മോഹന്‍ലാലിന്റെ ഒടിയന്‍ ആണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ഇളയദളപതി വിജയിയുടെ ചിത്രം ബീസ്റ്റ് രണ്ടാമതും, മരക്കാര്‍ അറബിക്കടലിന്റെ സിംഹം മൂന്നാമതുമാണ്. നാലാം സ്ഥാനത്താണ് മമ്മൂട്ടിയൂടെ ഭീഷ്മപര്‍വ്വം. അഞ്ചാം സ്ഥാനം വിജയിയുടെ സര്‍ക്കാര്‍ എന്ന സിനിമയ്ക്കാണ്.

അതേസമയം, ആദ്യം ദിനത്തെ പ്രകടനം കൊണ്ട് കെജിഎഫ് 2 ഒടിയനെ പിന്നിലാക്കി എന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിലൂടെ ഒന്നാം സ്ഥാനം നേടാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നും വ്യക്തമാവുന്നു. എന്നാല്‍, വിജയ് ചിത്രം ബീസ്റ്റിന് തുടക്കത്തില്‍ വളരെ മോശം പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്. എങ്കിലും ബോക്സോഫീസ് കളക്ഷന്റെ കാര്യത്തില്‍ സിനിമ വലിയ വിജയമായി മാറിയെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നു. കെജിഎഫ് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെ തിയേറ്ററുകളില്‍ മിന്നിച്ചു എന്നാണ് പ്രേക്ഷകാഭിപ്രായം. റോക്കി ഭായ് വീണ്ടും തിളങ്ങിയെന്ന് പറയാം.