ഗാർഹിക മലിനജല പരിപാലനം ഇനി ജപ്പാന്റെ പിന്തുണയോടെ; സഹകരണപത്രികയ്ക്ക് അംഗീകാരം നൽകി കേന്ദ്രം

ന്യൂഡൽഹി: ഗാർഹിക മലിനജല പരിപാലനം ഇനി ജപ്പാൻ പിന്തുണയോടെ നടപ്പിലാക്കും. ഇതുസംബന്ധിച്ച സഹകരണപത്രികയ്ക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. വികേന്ദ്രീകൃത ഗാർഹിക മലിനജല പരിപാലന മേഖലയിലെ സഹകരണത്തിന് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ജലവിഭവം നദി വികസനവും ഗംഗാ പുനരുജ്ജീവന വകുപ്പും ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയവും തമ്മിൽ ഒപ്പിട്ട സഹകരണ പത്രികയ്ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മുൻകാല പ്രാബല്യത്തോടെയാണ് പത്രികയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നത്.

നയവും സാങ്കേതിക വൈദഗ്ധ്യവും പങ്കിടൽ, പരിശീലന കോഴ്സുകൾ, ശിൽപശാലകൾ, ശാസ്ത്ര സാങ്കേതിക സിമ്പോസിയങ്ങൾ, വിദഗ്ധരുടെ കൈമാറ്റം, പഠനയാത്രകൾ എന്നിവയിലൂടെ ജലവിഭവ വികസനത്തിലും പരിപാലനത്തിലും മറ്റ് രാജ്യങ്ങളുമായി ഉഭയകക്ഷി സഹകരണം എന്നിവ കരാറിലൂടെ ലക്ഷ്യമിടുന്നു. മിഷനു കീഴിലുള്ള ശുദ്ധജല സ്രോതസ്സുകളുടെ സുസ്ഥിരതയ്ക്കും വലിയ നേട്ടങ്ങൾ കരാരിലൂടെ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

അതേസമയം, സഹകരണപത്രത്തിന് കീഴിൽ ഇരു കക്ഷികൾക്കും സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടാകില്ല.