തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽപാമിൽ ശമ്പളമില്ലാതെ ജീവനക്കാർ പ്രതിസന്ധിയിൽ. കെൽപാമിൽ 6 മാസക്കാലമായി തൊഴിലാളികൾക്കും മറ്റ് ജീവനക്കാർക്കും ശമ്പളം മുടങ്ങി കിടക്കുകയാണ്.
പുതിയ ഭരണ സമിതി ചെയർമാനായി സുരേഷ് കുമാർ ചാർജ് ഏറ്റെടുത്ത ജനുവരി മുതൽ കമ്പനിയിൽ ഒരു പ്രവർത്തനവും നടക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സുന്ദരൻ നാടാരുടെ മകനാണ് സുരേഷ് കുമാർ.
അതേസമയം, തിരുവനന്തപുരം, പാലക്കാട് എന്നിവടങ്ങളിൽ ഉള്ള കെൽപാമിന്റെ യൂണിറ്റുകൾ പൂട്ടി ഇട്ടിരിക്കുകയാണ്. ഒരു സ്ഥിരം എം.ഡി യുടെ അഭാവത്തിൽ ചെയർമാൻ സ്വീകരിക്കുന്ന നടപടികൾ തൊഴിലാളി വിരുദ്ധമാണെന്നാണ് തൊഴിലാളികളുടെ ആരോപണം. പോസ്റ്റിങ് ഓർഡർ നൽകിയാൽ മാത്രമേ ഇനി ശമ്പളം നൽകുകയുള്ളൂവെന്നാണ് മുൻപ് ശമ്പളം വാങ്ങി കൊണ്ടിരുന്ന തുച്ഛമായ ദിവസ വേതന തൊഴിലാളികളോട് ചെയർമാൻ അറിയിച്ചത്.