14 ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന ‘പ്രധാനമന്ത്രി സംഗ്രഹാലയ’ മ്യൂസിയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകള്‍, എന്നിവയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 43 ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്.
പ്രത്യയശാസ്ത്രമോ അധികാര കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും വിവിധ വെല്ലുവിളികളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ എങ്ങനെയാണ് രാജ്യത്തെ നയിച്ചത് എന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍ മ്യൂസിയത്തില്‍ ഉണ്ട്. വിവിധ ബ്ലോക്കുകളിലായി പണികഴിപ്പിച്ച മ്യൂസിയം രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം ലോകരാഷ്ട്രങ്ങളുമായി അതാത് കാലത്ത് ഇന്ത്യക്കും ഭരണാധികാരികള്‍ക്കുമുണ്ടായിരുന്ന ബന്ധവും തുറന്നുകാട്ടുന്നതായിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി എസ്റ്റേറ്റില്‍ ആണ് 10,491 ചതുരശ്ര അടി വിസ്തൃതിയില്‍ 271 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഹോളോഗ്രാമുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, മള്‍ട്ടി-ടച്ച്, മള്‍ട്ടിമീഡിയ, ഇന്ററാക്ടീവ് കിയോസ്‌ക്കുകള്‍, കമ്പ്യൂട്ടറൈസ്ഡ് കൈനറ്റിക് ശില്‍പങ്ങള്‍, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, ഇന്ററാക്ടീവ് സ്‌ക്രീനുകള്‍, എക്സ്പീരിയന്‍ഷ്യല്‍ ഇന്‍സ്റ്റലേഷനുകള്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം മ്യൂസിയത്തിലുണ്ട്. ഏപ്രില്‍ 21 മുതല്‍ മ്യൂസിയത്തിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ അറിയപ്പെടുന്ന തീന്‍ മൂര്‍ത്തി ഭവനോടു ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ പ്രധാനമന്ത്രി സംഗ്രാലയ നിര്‍മ്മിക്കുന്നതിനെതിരെ വിമര്‍നവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു.

