കൊച്ചി: ഈ വർഷം ഇന്ത്യ പ്രതിരോധ രംഗത്ത് വലിയ കുതിച്ചു ചാട്ടം നടത്തുമെന്ന് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ ചെയർമാൻ ഡോ സതീഷ് റെഡ്ഡി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് ഈ വർഷം കൂടുതൽ മിസൈൽ പരീക്ഷണങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിആർഡിഒ വികസിപ്പിച്ച ഹെലിന മിസൈലിന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അത്യാധുനിക മിസൈലുകളായ അസ്ത്ര, നാഗ് എന്നിവയുടെയും പരീക്ഷണം നടക്കും. വിവിധ ബോംബുകളുടെ പരീക്ഷണവും നടത്തും. രണ്ട് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണവും അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിലറി ഗൺ സിസ്റ്റത്തിന്റെ അവസാന ട്രയൽ മെയ് മാസത്തിൽ നടക്കും. ഗഗൻയാൻ വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാണ്. മെയ് മാസം ഇന്ത്യൻ സായുധ സേനയ്ക്ക് നൽകാനുള്ള ആർട്ടിലറി ഗൺ സിസ്റ്റത്തിന്റെ ട്രയൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

