ഗവേഷണ പ്രബന്ധം വൈകിയാൽ ഒരുലക്ഷം രൂപ പിഴ; ഉത്തരവുമായി കണ്ണൂർ സർവ്വകലാശാല

കൽപ്പറ്റ: ഗവേഷണപ്രബന്ധം സമയബന്ധിതമായി സമർപ്പിക്കാത്ത വിദ്യാർഥികളെ സാമ്പത്തിക പ്രയാസത്തിലാക്കുന്ന തീരുമാനവുമായി കണ്ണൂർ സർവകലാശാല. ഗവേഷണ പ്രബന്ധം വൈകിയാൽ ഒരുലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് കണ്ണൂർ സർവ്വകലാശാലയുടെ നിർദ്ദേശം. ജൂൺ 30 വരെ പ്രബന്ധം സമർപ്പിക്കാൻ സമയം അനുവദിച്ചതിനൊപ്പമാണ് സർവ്വകലാശാല ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.

2020 മാർച്ച് 24 വരെ നീട്ടിനൽകിയ കാലാവധി ഉൾപ്പെടെ കഴിഞ്ഞിട്ടും പ്രബന്ധം സമർപ്പിക്കാൻ കഴിയാത്ത ഗവേഷകർക്കുള്ള മേഴ്സി ചാൻസായാണ് സർവകലാശാല ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ചിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഗവേഷകർ യൂണിവേഴ്സിറ്റി ഫണ്ടിലേക്ക് ഒരുലക്ഷം രൂപ പിഴയടച്ചതിന്റെ ചെലാൻ സഹിതം പ്രബന്ധം സമർപ്പിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, സർവ്വകലാശാലയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി ഗവേഷക വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. കോവിഡിനെത്തുടർന്ന് സമൂഹമാകെ സാമ്പത്തിക പ്രതിസന്ധിയിലായ കാലത്ത് ഗവേഷകരെ ദുരിതത്തിലാക്കുന്നതാണ് സിൻഡിക്കേറ്റ് തീരുമാനമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. മുഴുവൻ സമയ ഗവേഷകന് അഞ്ചുവർഷവും മറ്റു ജോലികൾക്കൊപ്പം അനുബന്ധമായി ഗവേഷണം ചെയ്യുന്നവർക്ക് ആറു വർഷവുമാണ് സാധാരണ പ്രബന്ധം സമർപ്പിക്കാൻ സമയം അനുവദിക്കുന്നത്. കൂടുതൽ സമയം വേണ്ടവർ ചെറിയ തുക അടച്ച് അധികസമയം ചോദിക്കും. അധികസമയം അനുവദിച്ചിട്ടും ഗവേഷണം പൂർത്തീകരിക്കാത്തവരിൽ നിന്നാണ് പിഴ ഈടാക്കുക. സാധാരണഗതിയിൽ 25,000 രൂപവരെയാണ് പിഴയീടാക്കിയിരുന്നത്. ഗവേഷകവിദ്യാർഥികളുടെ സംഘടനകൾ ആവശ്യപ്പെട്ടാൽ പിഴ തുകയിൽ ഇളവുകളും അനുവദിച്ചിരുന്നു.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് മിക്കവരുടെയും ഗവേഷണം വൈകിയതെന്നും ഗവേഷകർ പറയുന്നു. അധ്യാപകരുടെയും ഗൈഡുമാരുടെയും നിസ്സഹകരണവും പല ഗവേഷകരും നേരിടുന്നുണ്ടെന്ന വാദം പോലും സിൻഡിക്കേറ്റ് പരിഗണിച്ചില്ലെന്ന ആരോപണവും ഗവേഷകർ ഉയർത്തുന്നുണ്ട്. പല ഗവേഷകരും താത്കാലിക ജോലികളോ അതിഥി അധ്യാപകരോ ആയാണ് ജോലിചെയ്യുന്നത്. ഇവർക്ക് ഈ തുക അധികബാധ്യതയാണെന്നും ഗവേഷകർ അറിയിച്ചു.

അതേസമയം, ഗവേഷണത്തിൽ പ്രതിബദ്ധതയില്ലാത്തവർ ഏറുകയാണെന്നും വർഷങ്ങളായി ചെറിയ തുക ഫീസടയ്ക്കുന്നതല്ലാതെ ഗവേഷണം നടക്കുന്നില്ലെന്നും തുടർന്നാണ് പുതിയ തീരുമാനമെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി.