തൃശൂര്‍: കുന്നംകുളത്ത് മലായ ജംഗ്ഷനു മുന്നില്‍ കെഎസ്ആര്‍ടിസിയുടെ പുതിയ മോഡല്‍ ബസായ കെ സ്വിഫ്റ്റ് ഇടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.
തൃശൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസ് തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്കു പോകുന്നതിനിടെ കുന്നംകുളത്തു വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നും, ഇടിച്ച ബസ് നിര്‍ത്താതെ പോയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
അതേസമയം, സംഭവമറിഞ്ഞ് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ബസ് കണ്ടെത്തി. പരിക്കേറ്റയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നു മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

