സർവകലാശാലയില്‍ ഇടത് ആധിപത്യം മാത്രമല്ല വേണ്ടത്; ജെഎൻയു സംഘര്‍ഷത്തില്‍ പ്രതികരണവുമായി വി സി

ന്യൂഡൽഹി: രാമനവമി ദിനത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ്. രാജ്യത്തെ മറ്റേതൊരു സർവകലാശാലയേയും പോലെ സർവകലാശാലയിലുമുള്ളത് ദേശസ്നേഹികളാണെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. സർവകലാശാലയിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ശാന്തിശ്രീ പണ്ഡിറ്റ് അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ചാൻസലറുടെ പരാമർശം.

വൈകാരിക പ്രകടനം യുക്തിക്ക് മേൽ ആധിപത്യം സ്ഥാപിച്ചതാണ് കാംപസിൽ ഉണ്ടായ സംഭവങ്ങൾക്ക് കാരണം. വിദ്യാർത്ഥികൾ എല്ലാത്തരത്തിലുമുള്ള അചാരങ്ങളുടേയും ഭാഗമാകണം. കാരണം ഞാൻ നാനാത്വത്തിലും വ്യത്യസ്തതയിലുമാണ് വിശ്വസിക്കുന്നത്. അതു സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണമെന്നും ശാന്തിശ്രീ ആവശ്യപ്പെട്ടു.

ഇടതുപക്ഷത്തിനു മാത്രമല്ല, മറ്റെല്ലാ ആഖ്യാനങ്ങൾക്കും ഇവിടെ ഇടമുണ്ട്. ഇവിടെ വ്യത്യസ്ത ആഖ്യാനങ്ങളുമുണ്ടാകണമെന്ന് താൻ വിശ്വസിക്കുന്നു, അല്ലാതെ ഇടത് ആധിപത്യ ആഖ്യാനം മാത്രമല്ല വേണ്ടത്. ഇന്ത്യയിൽ കാര്യങ്ങൾ മാറുകയാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നുണ്ടെന്നും ശാന്തിശ്രീ പണ്ഡിറ്റ് വ്യക്തമാക്കി. ജെഎൻയു ആധുനിക ഇന്ത്യ കെട്ടിപ്പെടുത്ത മഹത്തായ സ്ഥാപനങ്ങളിലൊന്നാണ് . മാറ്റത്തിനനുസരിച്ചു മുന്നോട്ടു പോകേണ്ടത് തങ്ങളുടെ ആവശ്യമാണ്. ഞങ്ങൾ സാർവലൗകികരാണ് പക്ഷേ, അതിനേക്കാൾ ദേശസ്നേഹികളാണെന്നും ശാന്തിശ്രീ കൂട്ടിച്ചേർത്തു.