കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സർക്കാർ. അതേസമയം, പെൻഷനും ബാങ്കുകൾക്കുള്ള കുടിശിക ഇനത്തിലും 202 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ ശമ്പള വിതരണത്തിനായി തുക അനുവദിച്ചത്. ശമ്പള വിതരണം പ്രതിസന്ധിയിലായതിനെ തുടർന്ന് ഈ മാസം 28 ന് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

വിഷു, ഈസ്റ്റർ ആഘോഷങ്ങൾ എത്തിയിട്ട് പോലും മാർച്ച് മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് സിഐടിയു ആരോപിക്കുന്നത്. കെ സ്വിഫ്റ്റിൽ എം പാനൽ ജീവനക്കാരെ നിയമിക്കുന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതായും സിഐടിയു ആരോപിച്ചിരുന്നു.

ഏപ്രിൽ പതിനാല് മുതൽ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും ശമ്പളം ലഭിക്കുന്നതുവരെ അനിശ്ചിതകാല റിലേ നിരാഹാരം നടത്താനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം ആനത്തലവട്ടം ആനന്ദൻ അറിയിച്ചിരുന്നു. ഏപ്രിൽ 19 ന് ചീഫ് ഓഫീസ് ധർണയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി അന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജോലി ചെയ്താൽ യഥാസമയത്ത് ശമ്പളം ലഭിക്കണമെന്നും ചില ഉദ്യോഗസ്ഥർ അപക്വമായി സർവീസ് ഷെഡ്യൂളും തീരുമാനിക്കുകയാണെന്നും ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തിയിരുന്നു.