കേന്ദ്രീയ വിദ്യാലയ പ്രവേശനം; എംപി ക്വാട്ട റദ്ദാക്കി

ന്യൂഡൽഹി: ഇനി മുതൽ കേന്ദ്രീയ വിദ്യാലയത്തിൽ ഉണ്ടാകുക ജനറൽ ക്വാട്ടയും സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ക്വാട്ടയും മാത്രം. കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിൽ എംപിമാർക്ക് നൽകിയിരുന്ന ക്വാട്ട റദ്ദാക്കി. എംപിമാരുടെ മക്കൾക്കും പേരക്കുട്ടികൾക്കും പ്രവേശനത്തിനുള്ള ക്വാട്ടകളും ഒഴിവാക്കി. കേന്ദ്രീയ വിദ്യാലയ സംഘടനയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഓരോ എംപിമാർക്കും പത്ത് സീറ്റ് വീതമായിരുന്നു ക്വാട്ട അനുവദിച്ചിരുന്നത്. നേരത്തെ കേന്ദ്രീയ വിദ്യാലയത്തിൽ മക്കളെ ചേർക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ അവരുടെ മണ്ഡലത്തിലെ എംപിയിൽ നിന്ന് ഒരു ശുപാർശ കത്ത് വാങ്ങുകയും അത് പ്രത്യേക സ്‌കൂൾ അഡ്മിനിസ്ട്രേഷന് സമർപ്പിക്കുകയും ചെയ്യണമായിരുന്നു. ശുപാർശ കത്ത് നൽകുന്നതിന് എംപിമാർ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് എംപി ക്വാട്ട റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്.

1975 മുതലാണ് ഓരോ പാർലമെന്റ് അംഗത്തിനും കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് ക്വാട്ട നൽകാൻ ആരംഭിച്ചത്. ഒരു എംപിക്ക് ഒരു അധ്യയന വർഷത്തിൽ രണ്ട് എൻട്രികൾ ശുപാർശ ചെയ്യാമെന്ന നിയമമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. 2011 ൽ ഇതിനെ അഞ്ചായും 2012 ൽ ആറായും 2016 ൽ 10 ആയും ക്വാട്ടകളുടെ എണ്ണം പിന്നീട് ഉയർത്തിയിരുന്നു.