തിരുവനന്തപുരം: ശമ്പളം കിട്ടാതെ വലഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ പ്രതീക്ഷയും വെറുതെയായി. ശമ്പളം കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇനിയും 50 കോടിയെങ്കിലും തരേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറഞ്ഞത്. കെഎസ്ആര്‍ടിസിയുടെ കയ്യിലുള്ള തുക കൂട്ടിയാലും ശമ്പളം നല്കാന് തികയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. കൂടുതല്‍ സഹായം വേണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെടും. പക്ഷേ, പെന്ഷന് ബാധ്യതയടക്കം ഈ മാസം ഇതിനകം 230 കോടി അനുവദിച്ചെന്നും കൂടുതല്‍ തുക ഉടന്‍ നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, അഞ്ചാം തിയ്യതിയെങ്കിലും ശമ്പളം തരണമെന്നാവശ്യപ്പെട്ട് ഇടത് യൂണിയനുകള്‍ ഈ മാസം 28-ന് സൂചനാ പണിമുടക്കിന്് ആഹ്വാനം ചെയ്തിരുന്നു. സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് ശമ്പളയിനത്തില്‍ 30 കോടി നല്കാന് ധനവകുപ്പ് ഇന്നലെ വൈകിട്ടോടെ തീരുമാനിച്ചത്. ഒരു വശത്ത് കെ-സ്വിഫ്റ്റ് നടപ്പാക്കിയപ്പോള്‍ മറുവശത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതാണ് യൂണിയനുകള്‍ സമരം പ്രഖ്യാപിക്കാന്‍ കാരണം.
‘ എം പാനലുകാര്‍ക്ക് ജോലി കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും കെ-സ്വിഫ്റ്റിലേക്ക് എം പാനലുകാരെ പരിഗണിച്ചില്ലെന്ന് ആനത്തലവട്ടം ആനന്ദന് കുറ്റപ്പെടുത്തി. ‘എം പാനലുകാരുടെ പുനരധിവാസം പ്രധാന പ്രശ്നം തന്നെയാണ്. അവര്‍ നല്കുന്ന നിവേദനത്തിന് പോലും മാനേജ്മെന്റ് മറുപടി നല്‍കുന്നില്ല. എം പാനലുകാരുടെ ലിസ്റ്റ് പോലും മാനേജ്മെന്റിന്റെ കയ്യിലില്ല. ലിസ്റ്റ് ചോദിച്ചിട്ട് തരുന്നുമില്ല. മന്ത്രിയുടേത് നിരുത്തരവാദിത്തപരമായ സമീപനമാണ്. റൂട്ട് നിശ്ചയിക്കുമ്പോള്‍ പോലും തൊഴിലാളികളുമായും ജീവനക്കാരുമായും ചര്‍ച്ച നടത്തുന്നില്ല. ഏതാനും ഉദ്യോഗസ്ഥരാണ് ഇവിടെ റൂട്ട് തീരുമാനിക്കുന്നതും ബസ്സോടിക്കുന്നതും. ഡയറക്ടര്‍ ബോര്‍ഡില്‍ തൊഴിലാളി പ്രതിനിധികളില്ല. അവരെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡില്‍ പുനഃസ്ഥാപിക്കണം’- ആനത്തലവട്ടം ഗതാഗതമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ചോദിക്കുന്നു.

