ന്യൂഡൽഹി: ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നുവെന്ന അമേരിക്കയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. അമേരിക്കയിലെ മനുഷ്യാവകാശങ്ങളിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള യുഎസ് വിമർശനം അമേരിക്കൻ ലോബികളുമായും, വോട്ടുബാങ്കുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയെ കുറിച്ച് അഭിപ്രായം പറയാൻ ആളുകൾക്ക് അവകാശമുണ്ട്. എന്നാൽ അഭിപ്രായം പറയുന്നവരുടെ താൽപര്യങ്ങളെ കുറിച്ച് പറയാൻ ഇന്ത്യയ്ക്കും അവകാശമുണ്ട്. മനുഷ്യാവകാശ വിഷയത്തിൽ അമേരിക്കയുമായി ചർച്ച ഉണ്ടായിട്ടില്ല. രാഷ്ട്രീയ പ്രതിരോധ വിഷയങ്ങളിലാണ് ചർച്ച നടന്നതെന്നും അദ്ദേഹം അറിയിച്ചു.
മനുഷ്യാവകാശ വിഷയത്തിൽ ചർച്ച ഉണ്ടായാൽ നിലപാട് പറയാൻ ഇന്ത്യക്ക് വിമുഖത ഇല്ല. അമേരിക്കയിലെ ആളുകളുടെ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടെ ഇന്ത്യക്ക് നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നുവെന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ പരാമർശത്തിനാണ് ജയശങ്കർ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.

