കെഎസ്ഇബി സമരം; കടുത്ത നടപടിയുമായി മാനേജ്‌മെന്റ്, സംസ്ഥാന നേതാക്കൾക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തിൽ കടുത്ത നടപടി സ്വീകരിച്ച് മാനേജ്‌മെന്റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് വ്യക്തമാക്കി നടപടി സ്വീകരിച്ച കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും ഇവരെ സ്ഥലംമാറ്റി മാനേജ്‌മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. പത്തനംതിട്ടയിലേക്കാണ് ജാസ്മിനെ സ്ഥലംമാറ്റിയത്.

സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാർ ഉൾപ്പെടെയുള്ളവരെയും മാനേജ്‌മെന്റ് സ്ഥാലം മാറ്റിയിരുന്നു. സുരേഷ് കുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റി. അതേസമയം, നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

സമരം തുടരുന്ന അസോസിയേഷനോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചെയർമാൻ ബി അശോക് സ്വീകരിച്ചത്. എന്നാൽ പ്രതികാരനടപടി അംഗീകരിക്കില്ലെന്നും ചെയർമാൻ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.