കണ്ണൂർ: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന ശക്തികൾക്ക് ഒരുകൂട്ടം മാദ്ധ്യമങ്ങൾ പ്രോത്സാഹനം നൽകുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ധർമ്മടം നിയോജക മണ്ഡലത്തിൽ നവീകരിച്ച പൊതുമരാമത്തിന്റെ ചാല-മൗവ്വഞ്ചേരി റോഡ്, കൊയ്യോട്-പൊതുവാച്ചേരി-ആർ വി മെട്ട റോഡ് തുടങ്ങിയവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ രീതിയിൽ മാദ്ധ്യമങ്ങൾ നാടിന്റെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും വികസന പ്രവർത്തനങ്ങൾക്കെതിരെ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന എല്ലാ ശക്തികളെയും മാദ്ധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാട് നാടിനെ മുന്നോട്ട് നയിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു. ജനങ്ങളെ യാഥാർഥ രീതിയിൽ ബോധവൽക്കരിക്കാൻ പല മാദ്ധ്യമങ്ങളും തയ്യാറാകുന്നില്ലെന്നും വിവാദങ്ങളിലൂടെ തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചാത്തല സൗകര്യ വികസനം പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് ദേശീയ പാത ഉൾപ്പടെ വികസിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാലികമായ പുരോഗതി നാടിന് ആവശ്യമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

