തിരുവനന്തപുരം: ഏപ്രിൽ 28 ന് പണിമുടക്ക് നടത്താൻ കെഎസ്ആർടിസി ജീവനക്കാർ. ശമ്പള പ്രതിസന്ധിയെ തുടർന്നാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ എത്തിയിട്ട് പോലും മാർച്ച് മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് സിഐടിയു ആരോപിക്കുന്നത്. കെ – സ്വിഫ്റ്റിൽ എം പാനൽ ജീവനക്കാരെ നിയമിക്കുന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതായും സിഐടിയു ആരോപിക്കുന്നു.
ഏപ്രിൽ പതിനാല് മുതൽ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും ശമ്പളം ലഭിക്കുന്നതുവരെ അനിശ്ചിതകാല റിലേ നിരാഹാരം നടത്താനാണ് തീരുമാനമെന്ന് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. ഏപ്രിൽ 19ന് ചീഫ് ഓഫീസ് ധർണയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി അന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജോലി ചെയ്താൽ യഥാസമയത്ത് ശമ്പളം ലഭിക്കണമെന്നും ചില ഉദ്യോഗസ്ഥർ അപക്വമായി സർവീസ് ഷെഡ്യൂളും തീരുമാനിക്കുകയാണെന്നും ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി.
ഗതാഗത മന്ത്രിയുടെ മറുപടിയിൽ തൃപ്തരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതി നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം സ്വീകരിക്കൂ. യാത്രാ നിരക്ക് വർധനയിൽ സർക്കാർ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.

