ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടുമെന്നും യെച്ചൂരി ചോദിക്കുന്നു. പാർട്ടി കോൺഗ്രസിന് ശേഷം മടങ്ങിയെത്തിയ ശേഷം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ചർച്ചകളുടെ പ്രാരംഭഘട്ടമാണിതെന്നും ഇപ്പോൾ പദ്ധതിയ്ക്ക് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ലെന്നും െയച്ചൂരി അറിയിച്ചു. പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ പദ്ധതിക്ക് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാർട്ടി കോൺഗ്രസ് അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പാർട്ടി കോൺഗ്രസിന്റെ സ്വാഗത പ്രസംഗം മുതൽ മുഖ്യമന്ത്രി സിൽവർ ലൈനിനെക്കുറിച്ചുള്ള ചർച്ച വേദിയിൽ നടത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അതേസമയം, കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകവും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി. ജനങ്ങളുടെ വികാരം മനസ്സിലാക്കിയേ മുന്നോട്ട് പോകൂവെന്നും ബൃന്ദാ കാരാട്ട് വിശദീകരിച്ചു.

