ന്യൂഡൽഹി: ലൗ ജിഹാദ് എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസിന്റെ വിവാദമായ ലൗ ജിഹാദ് പ്രസ്താവനയെ അദ്ദേഹം തള്ളുകയും ചെയ്തു. പാർട്ടിയുടെ സംസ്ഥാനഘടകം ഈ പ്രസ്താവന പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവും മുസ്ലിം വിഭാഗക്കാരനുമായ ഷെജിനും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുളള ജോയ്‌സ്‌നയും തമ്മിലുളള പ്രണയ വിവാഹത്തെ കുറിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ്ജ് എം തോമസ് നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ ഈ പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നുമായിരുന്നു ജോർജ്ജ് തോമസിന്റെ പരാമർശം. ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പരാമർശം വിവാദമായതോടെ ജോർജ്ജ് എം തോമസ് നിലപാട് തിരുത്തി. തനിക്ക് തെറ്റുപറ്റിയെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രതികരണം.

