പോലീസ് ഉദ്യോഗസ്ഥര്‍ വക്കീലന്മാരുടെ ഗുമസ്തന്മാരാകേണ്ടെന്ന് പോലീസ് മേധാവിയുടെ ഉത്തരവ്‌

തിരുവനന്തപുരം: റൂറല്‍ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വക്കാലത്ത് വേണ്ടപ്പെട്ട അഭിഭാഷകര്‍ക്ക് നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെയും ബന്ധുക്കളെയും നിര്‍ബന്ധിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനാല്‍ ഇത്തരം ഉദ്യോഗസ്ഥര്‍ അഭിഭാഷകരുടെ ഇടനിലക്കാരാകേണ്ടെന്ന് റൂറല്‍ പോലീസ് മേധാവി ഉത്തരവിട്ടു.

തിരുവനന്തപുരത്ത് പോലീസുകാര്‍ ഇടപെട്ട് അവര്‍ക്ക് താല്‍പര്യമുള്ള വക്കീലന്മാരെ കേസുകള്‍ ഏല്‍പ്പിച്ചു വരുന്നുവെന്നും വാറണ്ടും കോടതി ഉത്തരവുകളും സഹിതം വേണ്ടപ്പെട്ട വക്കീലന്മാരുടെ പേരും ഫോണ്‍നമ്പറും എഴുതിയാണ് നല്‍കുന്നതെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കാലങ്ങളായി പല സ്റ്റേഷനുകളിലും അഭിഭാഷകരുടെ ഗുമസ്തന്മാരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയുണ്ട്. ഇനി ഇത്തരം പരാതികളുയര്‍ന്നാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.