തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍ ജ്യോതിലാലിന്റെ പുനര്‍നിയമന സാഹചര്യം സര്‍ക്കാര്‍ തന്നോട് വിശദീകരിച്ചെന്നും, അദ്ദേഹത്തെ വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കാര്യങ്ങള്‍ ശരിയായി നടക്കണമെന്ന സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിച്ചത്. തനിക്കാരോടും പ്രതികാരമോ പരിഭവമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജ്യോതിലാലിനെ മാറ്റിയ ശേഷമായിരുന്നു ഗവര്‍ണര്‍ അന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവര്‍ത്തകനുമായ ഹരി എസ്. കര്‍ത്തയെ നിയമിച്ചതില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ. ആര്‍. ജ്യോതിലാലാണ് സര്‍ക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്. രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നവരെയോ, രാഷ്ട്രീയ പാര്‍ട്ടികളോടോ പാര്‍ട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലര്‍ത്തുന്നവരെയോ ഇതുവരെ രാജ് ഭവനില്‍ നിയമിച്ചിട്ടില്ലെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവര്‍ണര്‍ ഇത്തരത്തിലുള്ള നിലപാടെടുക്കാന്‍ സന്നദ്ധനായത്.

