ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തൽ നടപടികൾ വേഗത്തിലാക്കണം; നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് നൽകുന്ന അപേക്ഷകളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അനാവശ്യമായി കാപ്പ ചുമത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാപ്പയിൽപ്പെടുത്തി ജയിലിലടയ്ക്കാൻ ഗുണ്ടകളുടെ പട്ടിക നൽകിയാൽ കലക്ടർമാർ അതു തള്ളിക്കളയുന്നത് ഗുണ്ടകൾക്കു ധൈര്യമാകുന്നുവെന്നും ഇതു ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു ചേർത്തത്. ഓപ്പറേഷൻ കാവൽ തുടങ്ങി 4 മാസം പിന്നിട്ടിട്ടും ഗുണ്ടാ ആക്രമണങ്ങളിൽ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് കാപ്പ നിയമം കർശനമായി നടപ്പാക്കിയേ മതിയാകൂ എന്ന നിലപാടിലേക്ക് പോലീസ് കടന്നത്. ഗുണ്ടകൾക്കെതിരെ 2007 ലാണ് കാപ്പ നിയമം ചുമത്താൻ ആരംഭിച്ചത്. 7 വർഷത്തിനിടയിൽ 3 ഗുണ്ടാ ആക്രമണ സ്വഭാവമുള്ള കേസുകളിൽ പ്രതിയായാൽ, ഈ പ്രതി ഇനിയും കുറ്റകൃത്യത്തിൽ പങ്കാളിയാകുമെന്ന സാധ്യത ചൂണ്ടിക്കാട്ടി കാപ്പ ചുമത്തി തടങ്കലിൽ വയ്ക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർക്ക് ശുപാർശ നൽകാം.

കാപ്പ നിയമത്തിൽ കലക്ടർമാർ വെള്ളം ചേർത്തതിനാലാണ് സംസ്ഥാനത്ത് ഗുണ്ടകൾ വിലസുന്നതെന്ന് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. കളക്ടർക്കൊപ്പം ഡിഐജിക്കും അധികാരം നൽകി കാപ്പ ശക്തമാക്കണമെന്നും പോലീസ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടുണ്ട്. കലക്ടർ ഉത്തരവിറക്കിയാൽ 6 മാസം വരെ ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കാം. എന്നാൽ, കലക്ടർമാർ ഇതിനു മടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് പോലീസ് പറയുന്നത്.

പോലീസിന്റെ ശുപാർശയിൽ കലക്ടർ ലീഗൽ അഡൈ്വസർമാരുടെ റിപ്പോർട്ട് തേടും. ലീഗൽ അഡൈ്വസർമാർ മിക്കപ്പോഴും നിസ്സാര നടപടിക്രമം പറഞ്ഞ് പോലീസിന്റെ ശുപാർശയ്‌ക്കെതിരെ റിപ്പോർട്ട് എഴുതുന്നതോടെ കലക്ടർ ശുപാർശ തള്ളുമെന്നും പരാതിയുണ്ട്. ഗുണ്ടകളുടെ രാഷ്ട്രീയ സ്വാധീനവും ഇതിനു പിന്നിലുണ്ടെന്നും പോലീസ് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടത്.