ന്യൂഡല്‍ഹി: യുപി തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ പ്രതിരോധവുമായി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര രംഗത്ത്. പ്രിയങ്ക ഗാന്ധിക്കായിരുന്നു യുപിയിലെ തിരഞ്ഞെടുപ്പ് ചുമതലയെന്നും പ്രിയങ്കയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 10 ല്‍ 10 മാര്‍ക്കാണെന്നും വദ്ര ചൂണ്ടിക്കാട്ടി.
അതേസമയം, ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. ‘എനിക്ക് ജനങ്ങള്‍ക്ക് വേണ്ടി മാറ്റം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍, ജനങ്ങള്‍ ഞാന്‍ അവരെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഉറപ്പായും അത് ചെയ്യും. എന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ന്നു വരുന്നുണ്ട്. ജനങ്ങളെ സേവിക്കാനുള്ള എന്റെ വഴിയെന്ന നിലയില്‍ ഭാവിയിലും അത് തുടരും. മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. അത് ജനാധിപത്യപരമല്ല. രാജ്യത്തെ പുറകിലോട്ടടിക്കാന്‍ മാത്രമേ അത് സഹായിക്കൂ. പ്രിയങ്കയ്ക്ക് ഞാന്‍ 10 ല്‍ 10 മാര്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാവും പകലും പ്രിയങ്ക പ്രവര്‍ത്തിച്ചു. പക്ഷേ, ജനങ്ങളുടെ തീരുമാനം അംഗീകരിച്ചേ മതിയാകൂ. ഇനിയും മുഴുവന്‍ സമയവും ജനങ്ങളെ സേവിക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

