തെളിവുകൾ നശിപ്പിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ക്രൈംബ്രാഞ്ച്. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ദിലീപ് തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ പറയുന്നത്.

2017 ൽ ഹൈക്കോടതി ജാമ്യം നൽകിയത് കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ്. ഈ വ്യവസ്ഥയിൽ ലംഘനമുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരായി.

കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം. വധഗൂഢാലോചനാക്കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. രാമൻപിളള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നൽകിയത്. സൈബർ ഹാക്കർ സായ് ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.