തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനപ്പൂർവം അപകടം സൃഷ്ടിച്ചതാണോയെന്നാണ് സംശയിക്കുന്നതെന്നും സംഭവത്തിൽ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ സ്വിഫ്റ്റിന്റെ രണ്ടാമത്തെ ബസും അപകടത്തിൽപ്പെട്ട സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. മനപ്പൂർവമാണ് അപകടം ഉണ്ടാക്കിയതെങ്കിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള കെ സ്വിഫ്റ്റിന്റെ രണ്ടാം സർവ്വീസായ സെമി സ്ലീപ്പർ നോൺ എസി ഡീലക്‌സ് ബസും അപകടത്തിൽപ്പെട്ടിരുന്നു. മലപ്പുറം ചങ്കുവെട്ടിയിൽ വച്ച് കെ സ്വിഫ്റ്റ് തിരുവനന്തപുരം ഡീലക്‌സിൽ സ്വകാര്യ ബസ് ഉരസി പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം, കെ – സ്വിഫ്റ്റിന്റെ ആദ്യ സർവ്വീസും നേരത്തെ അപകടത്തിൽപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോകുകയായിരുന്നു. ഈ ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇളകി പോയ മിററിന് പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് കെ സ്വിഫ്റ്റ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ് ആർടിസി എംഡി സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി. അപകടത്തിന് പിന്നിൽ സ്വകാര്യ ലോബിയാണെന്നാണ് കെഎസ്ആർടിസി ആരോപിക്കുന്നത്.

