പോലീസിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കുന്നതിൽ ആശയക്കുഴപ്പം; വിഷയം പഠിക്കാനായി ഉപസമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കുന്നതിൽ ആശയക്കുഴപ്പം. ട്രാൻസ്‌ജെൻഡേഴ്‌സിനെ നേരിട്ട് പോലീസ് സേനയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് എഡിജിപിമാരുടെ യോഗത്തിൽ തീരുമാനമായില്ല. ആദ്യം ഹോം ഗാർഡായി നിയമിക്കാമെന്നും പ്രകടനം വിലയിരുത്തിയ ശേഷം സേനയിൽ ഉൾപ്പെടുത്താമെന്നുമുള്ള അഭിപ്രായമാണ് യോഗത്തിൽ ഉയർന്നു വന്നത്. സംസ്ഥാന സർക്കാരാണ് ഇതുസംബന്ധിച്ച അഭിപ്രായം തേടിയത്.

ട്രാൻസ്‌ജെൻഡേഴ്‌സിനെ നിയമിക്കുന്നതിനുള്ള പ്രായോഗിക വശങ്ങൾ പഠിക്കാനായി രണ്ട് എഡിജിപിമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എപി ബെറ്റാലിയൻ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി തുടങ്ങിയവർക്കാണ് ഇതിനായുള്ള ചുമതല നൽകിയിരുന്നത്. ഇവർ വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് റിപ്പോർട്ടുകളും എഡിജിപിമാരുടെ യോഗത്തിൽ പരിഗണനയ്ക്ക് എത്തിയിരുന്നു. യോഗത്തിൽ ഉയർന്നുവന്ന മറ്റൊരു അഭിപ്രായം ഹോം ഗാർഡ് ആയി നിയമനം നൽകി ട്രാഫിക് ഡ്യൂട്ടിയിൽ ഉൾപ്പെടെ വിന്യസിക്കുക, ഇതിന് ശേഷം പ്രകടനം വിലയിരുത്തി സേനയിലേക്ക് ഉൾപ്പെടുത്താം എന്നാണെന്ന് യോഗത്തിൽ ഉയർന്നു വന്ന അഭിപ്രായം.

വിഷയത്തിന്റെ പ്രായോഗികതയെക്കുറിച്ച് പഠിക്കാൻ ഐ.ജിയുടെ നേതൃത്വത്തിൽ ഉപസമിതി രൂപവത്ക്കരിക്കുകയും ചെയ്തു. ഇവർക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി ഒരു മാസമാണ് അടുത്ത മാസം ചേരുന്ന എഡിജിപിമാരുടെ യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്ത് തീരുമാനമെടുക്കും. അതിന് ശേഷമായിരിക്കും ട്രാൻസ്ജെൻഡേഴ്സിനെ പോലീസിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.