കൊച്ചി: ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യക്ക് ആശ്വാസമായത് റഷ്യയുടെ ഡിസ്‌കൗണ്ട്. ഇന്ത്യ ഇപ്പോള്‍ ചിലവിടുന്നത് വെറും 63.40 ഡോളര്‍ മാത്രം. ഏപ്രില്‍ 8ലെ കണക്കുപ്രകാരം ഇന്ത്യയുടെ വാങ്ങല്‍ വില 98.68 ഡോളറാണ്. ബാരലിന് 101.06 ഡോളറാണ് രാജ്യാന്തര വിപണി വില. ഇതിന്മേലാണ് റഷ്യ ഡിസ്‌കൗണ്ട് നല്‍കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും റഷ്യന്‍ എണ്ണവാങ്ങുന്നത് നിര്‍ത്തിയതോടെ ഇന്ത്യയ്ക്കായി വന്‍ ഡിസ്‌കൗണ്ട് റഷ്യ മുന്നോട്ടു വെക്കുകയായിരുന്നു.
അതേസമയം, എണ്ണ വിതരണക്കമ്പനികള്‍ ഇത് വിപണിയിലിറക്കാന്‍ തയ്യാറായാല്‍ പെട്രോള്‍, ഡീസല്‍ വില വലിയ തോതില്‍ കുറയും. ക്രൂഡോയില്‍ വില കഴിഞ്ഞമാസം ബാരലിന് 140 ഡോളറിനടുത്തേക്ക് മുന്നേറിയിരുന്നു. എണ്ണ ഇറക്കുമതി നിയന്ത്രിക്കാനും പകരം കരുതല്‍ ശേഖരം ഉപയോഗിക്കാനുമുള്ള അമേരിക്ക ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐ.ഇ.എ) രാജ്യങ്ങളുടെ തീരുമാനമാണ് ക്രൂഡ് വില ഇപ്പോള്‍ 100 ഡോളറിലേക്ക് താഴാന്‍ കാരണം. ചൈനയിലെ ലോക്ക്ഡൗണും വിലയിടിവിന് വഴിയൊരുക്കി.
എന്നാല്‍, നിലവില്‍ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. മാര്‍ച്ചില്‍ മൊത്തം ഇന്ധന വില്‍പന 4.2 ശതമാനം വര്‍ദ്ധിച്ച് മൂന്നുവര്‍ഷത്തെ ഉയരമായ 19.41 മില്യണ്‍ ടണ്ണിലെത്തി. പെട്രോളിന്റെ കച്ചവടം 6.2 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയരമായ 2.91 മില്യണ്‍ ടണ്ണായി. ഡീസല്‍, എല്‍.പി.ജി, വിമാന ഇന്ധനവില്‍പനയിലും മികച്ച വര്‍ദ്ധനയുണ്ട്.

