തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പത്തനംതിട്ടയിലെ കർഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചത്. കർഷകർ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് സർക്കാർ സിൽവർ ലൈനിന്റെ പിന്നാലെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബൂർഷ്വകൾക്കൊപ്പമാണോ കർഷകർക്കൊപ്പമാണോ പിണറായി സർക്കാരെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിൽ സന്ദർശനം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് കർഷകന്റെ വീട് സന്ദർശിക്കുന്നത്. കൃഷിനാശം നേരിട്ട കർഷകന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവാണ് കൃഷിനാശവും ബാങ്ക് ബാധ്യതയും മൂലം ആത്മഹത്യ ചെയ്തത്. ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ രാജീവിനെ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി ഇയാൾ ബാങ്കുകളിൽ നിന്നും അയൽ കൂട്ടങ്ങളിൽ നിന്നും വായ്പ എടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. എന്നാൽ, സർക്കാർ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഈ വർഷവും 10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് രാജീവ് കൃഷി ആരംഭിച്ചെങ്കിലും മഴ അദ്ദേഹത്തെ ചതിച്ചു.
വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് രാജീവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

