ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹം; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിൽ സുസ്ഥിര സമാധാനം ഉറപ്പാക്കാൻ കശ്മീർ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർക്കാർ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയർത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു. യൂട്ടിലിറ്റി സ്റ്റോറുകളിൽ വില കുറഞ്ഞ ഗോതമ്പ് ലഭ്യമാകുമെന്നും യുവാക്കൾക്ക് ലാപ്പ്‌ടോപ്പുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 1 രൂപ ഉയർന്നപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് പറഞ്ഞ വ്യക്തിയാണ് ഇമ്രാൻ ഖാൻ. ഇപ്പോൾ രൂപ ഏകദേശം 8 രൂപ വീണ്ടെടുത്തത് അദ്ദേഹം കാണണമെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് പാകിസ്താന്റെ 23 -ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) അദ്ധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്. ഇമ്രാൻ ഖാൻ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.

അതേസമയം, തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പിടിഐ പാർട്ടി അംഗങ്ങളും രാജിവച്ചിരുന്നു. ഇമ്രാൻ അനുകൂലികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു.