പാകിസ്താൻ താവളമാക്കാനൊരുങ്ങി ഐ എസ് ഭീകരർ; ഇന്ത്യയ്ക്ക് ഭീഷണിയെന്ന് പ്രതിരോധ വിദഗ്ധർ

ഇസ്ലാമാബാദ്: പാകിസ്താന് മേൽ പുതിയ ഭീഷണി. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിൽ വന്നശേഷം, ഗതികിട്ടാതായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പാകിസ്താനെ പുതിയ താവളമാക്കുകയാണ്. അഫ്ഗാനിൽ നിലനിൽപ്പില്ലാതായ ഐ എസ് ഭീകരർ പാകിസ്താനിൽ താവളമുറപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്താനിൽ താലിബാന്റെ ഇന്റലിജൻസ് മേധാവിയായ എഞ്ചിനീയർ ബഷീറിനെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് പുറത്തുവിട്ടത്.

അഫ്ഗാൻ താലിബാനുമായി സംഘർഷത്തിലായ പാക് താലിബാൻ പാകിസ്താനിൽ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് പിന്നാലെയാണ് ഐ എസ് താവളമുറപ്പിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധിയിലായ പാകിസ്താനിൽ ഐ എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയൽ രാജ്യങ്ങൾക്കും ഭീഷണിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാകിസ്താനിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉണ്ടാവുകയും ഐ എസ് അടക്കമുള്ള ഭീകരസംഘടനകൾ ശക്തമാവുകയും ചെയ്യുന്നത് മേഖലയെ തന്നെ സംഘർഷഭൂമിയാക്കി മാറ്റുമെന്നാണ് പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്.