പ്രധാനമന്ത്രിയും ബിജെപിയും ചുവന്ന പതാകയെ ഭയപ്പെടുന്നു: സീതാറാം യെച്ചൂരി

yechuri

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 23-ാമത് സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാമെന്നും ഈ ശക്തിയാണ് അവർ ഭയക്കുന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

ഇടതുപക്ഷം കേരളമെന്ന ഒരു ചെറിയ മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിക്കുകയുണ്ടായി. എന്നാൽ ഇത് പറഞ്ഞ പ്രധാനമന്ത്രി മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു. ചെറുതാണെങ്കിൽ പോലും ഈ പ്രത്യയശാസ്ത്രം ഏറെ ഭയപ്പെടേണ്ടതും പരാജയപ്പെടുത്തേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ചെറുതായ സ്ഥലത്ത് ഒതുങ്ങി നിൽക്കുന്നു എന്ന് പറയുമ്പോഴും ഇത്തരത്തിൽ പറയാൻ ഒരു കാരണമുണ്ട്. ഈ പ്രത്യയശാസ്ത്രം ചരിത്രപരമായ മുന്നേറ്റത്തിന്റേതാണെന്നും ചൂഷണ ആധിപത്യം ഇല്ലാതാക്കുന്നതിന് കരുത്തു പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വെല്ലുവിളികളേയും മറികടക്കുന്നതാണ് ഈ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ഭാഷാപരമായ അവകാശങ്ങളെ പൂർണമായും കവർന്നെടുക്കുന്നതും ഫെഡറൽ ഘടനയെ തകർക്കുന്നതുമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത് ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഈ സമയത്ത് മതനിരപേക്ഷ ശക്തികൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസിനെതിരെയും സീതാറാം യെച്ചൂരി രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് മതനിരപേക്ഷതയോടൊപ്പമാണോ അല്ലയോ എന്ന് രാജ്യത്തോട് തുറന്നുപറയണം. രാജ്യത്തിന്റെ ഭരണഘടന നേരിടുന്ന വെല്ലുവിളികളേയും മതനിരപേക്ഷതയേയും ഫെഡറിലസത്തേയും കുറിച്ച് ചർച്ചചെയ്യുന്ന സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. അതിൽ പങ്കെടുത്ത നേതാക്കൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മതനിരപേക്ഷ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിനൊപ്പമാണ് നിങ്ങളുടെ പ്രയോഗം എന്ന് തെളിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ വികസ പ്രവർത്തനങ്ങൾക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. മാനവവികാസ സൂചകങ്ങളുടെ കാര്യത്തിൽ രാജ്യത്തിന് മാത്രമല്ല ലോകത്തിന്റെ മറ്റു പല പ്രദേശങ്ങൾക്കും കേരളം മാതൃകയാണ്. കേരളത്തിന്റെ പ്രത്യേകത മതത്തിന്റെ അതിരുകൾക്കതീതമായി മനുഷ്യരെ സമീപിക്കുന്നു എന്നതാണ്. എല്ലാവരേയും മനുഷ്യൻ എന്ന നിലയിലാണ് പരിഗണിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഇത് സാധ്യമാകുന്നില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.