മാംസാഹാരം വിളമ്പിയതിനെ ചൊല്ലി ജെഎൻയുവിൽ സംഘർഷം; പത്തോളം പേർക്ക് പരിക്ക്

ന്യൂഡൽഹി: ജെഎൻയുവിൽ സംഘർഷം. ഹോസ്റ്റലിൽ മാംസാഹാരം വിളമ്പിയതിനെ ചൊല്ലിയാണ് ഇടത് വിദ്യാർത്ഥി സംഘടനകളും എബിവിപിയും തമ്മിൽ സംഘർഷം ഉണ്ടായത്. ഇടത് സംഘടനയിൽ പെട്ട വിദ്യാർത്ഥികൾ മാംസാഹാരം കഴിക്കുന്നത് രാമനവമി പ്രമാണിച്ച് എബിവിപി തടഞ്ഞു എന്നാണ് ഇടത് സംഘടനകളുടെ ആരോപണം. സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, ജെഎൻയുവിലെ കാവേരി ഹോസ്റ്റലിൽ തങ്ങൾ നടത്തിയ രാമനവമി ആചരണത്തെ ഇടത് വിദ്യാർത്ഥി സംഘടനകൾ തടസപ്പെടുത്തിയതാണ് സംഘർഷത്തിന് കാരണമെന്നാണ് എബിവിപി വ്യക്തമാക്കുന്നത്. അതേസമയം, സർവകലാശാലയിൽ മാംസാഹാരം കഴിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. റംസാനായാലും രാമനവമി ആയാലും ഓരോ വിദ്യാർത്ഥിക്കും അതിന്റേതായ രീതിയിൽ ആഘോഷിക്കാമെന്നും സർവ്വകലാശാല അധികൃതർ അറിയിച്ചു.